നാളികേര കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡ് നടപ്പാക്കുന്ന തെങ്ങിന്റെ പുതുക്കൃഷി പദ്ധതിയിലെ ധനസഹായം വർധിപ്പിച്ചു.
നേരത്തെ ഒരു തെങ്ങിൻ തൈയ്ക്ക് ഏകദേശം 40 രൂപ മാത്രമായിരുന്നു സബ്സിഡിയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഒരു തൈയ്ക്ക് 350 രൂപ വരെ ധനസഹായം ലഭിക്കും. ശാസ്ത്രീയ രീതിയില്‍ ഗുണമേന്മയുള്ള പുതിയ തെങ്ങിൻതൈകള്‍ നട്ട് നാളികേര ഉല്‍പ്പാദനം വർധിപ്പിക്കാനും കൃഷി വ്യാപിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒരു ഹെക്ടറില്‍ (2.5 ഏക്കര്‍) പുതുക്കൃഷി നടത്തുന്നതിന് 56,000 രൂപ വരെ (28,000 രൂപ വീതമുള്ള രണ്ട് തുല്യ വാര്‍ഷിക ഗഡുക്കളായി) ധനസഹായം ലഭിക്കും. പരമാവധി രണ്ട് ഹെക്ടറിന് വരെ ഈ ആനുകൂല്യം ലഭ്യമാണ്. കുറഞ്ഞത് 20 സെന്റില്‍ 10 തൈകളെങ്കിലും നടുന്നവര്‍ക്ക് ആനുപാതികമായ തുക ലഭിക്കും. എന്നാല്‍ നിലവിലുള്ള തോട്ടങ്ങളില്‍ അടിതൈ നടുന്നതിന് ഇത് ബാധകമല്ല. തൈകള്‍ നട്ടശേഷം നിര്‍ദ്ദിഷ്ട അപേക്ഷ അതത് കൃഷിഭവൻ മുഖേന സമര്‍പ്പിക്കണം.ഗുണമേന്മയുള്ള തെങ്ങിന്‍തൈകളുടെ ലഭ്യത ഉറപ്പാക്കാൻ നാളികേര നഴ്‌സറി പദ്ധതിയും നടപ്പാക്കുന്നുണ്ട്. 25 സെന്റില്‍ 10,000 വിത്തുതേങ്ങകള്‍ പാകി 6,250 തൈകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ നഴ്‌സറികള്‍ക്ക് ചെലവിന്റെ 50% (പരമാവധി 2,81,250 രൂപ) ധനസഹായം ലഭിക്കും. ഒരു ഏക്കറില്‍ 25,000 തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും ധനസഹായമുണ്ട് (തൈയൊന്നിന് 45 രൂപ വീതം). വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0484 23777266 / 0484 23777267
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









