കേന്ദ്ര സര്‍കാരിന്റെ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകരും സമരത്തിനെതിരെ പ്രതിഷേധിച്ച ഒരു വിഭാഗവും വെള്ളിയാഴ്ച സമരവേദിയായ സിംഘുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കര്‍ഷകരടക്കം 44 പേര്‍ അറസ്റ്റില്‍. പൊലീസ് ഉദ്യോഗസ്ഥനെ വാളുകൊണ്ട് ആക്രമിച്ച 22 കാരനായ രഞ്ജീത് സിംഗ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു. കൊലപാതക ശ്രമത്തിനടക്കം ഇവര്‍ക്കെതിരെ കേസെടുത്തു. അലിപൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സിഘുവിലെ കര്‍ഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിക്കുകയും കര്‍ഷകരെ ആക്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് കര്‍ഷകരും തിരിച്ചടിച്ചതോടെ സ്ഥലത്ത് കല്ലേറും സംഘര്‍ഷാവസ്ഥയും ഉണ്ടായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സിംഘുവിന് മുമ്പ് ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പൊലീസ് സമരവേദി ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സമരം ചെയ്യുന്ന കര്‍ഷകരും കര്‍ഷക നേതാക്കളും സമരവേദി ഒഴിപ്പിക്കാന്‍ നടത്തിയ പൊലീസ് നീക്കത്തെ പ്രതിരോധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









