ലഖ്നൗ: ക്രൂരതയുടെ തലസ്ഥാനമായി വീണ്ടും ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. വയലില്‍ പുല്ല് അരിയാന്‍ പോയ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൂട്ടിക്കെട്ടി വിഷം കൊടുത്തു കൊന്നു. മറ്റൊരു ദലിത് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉനാവോയിലെ അസോഹ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെൺകുട്ടികളുടെ ശരീരത്തിൽ പരുക്കേറ്റ നിലയിൽ വയലിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്.
പശുവിന് പുല്ല് പറിക്കാന്‍ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്. വായില്‍ നിന്നും നുരയും പതയും വരുന്ന അവസ്ഥയില്‍ കൂട്ടിക്കെട്ടിയിടപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെയും കണ്ടെത്തി.
എസ്പിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടർമാരും പൊലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ രണ്ട് പെൺകുട്ടികളും വിഷം ഉള്ളിൽ ചെന്നതായി പറയുന്നു. ജില്ലാ മജിസ്ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രിയിലെത്തി. അതേസമയം, സ്ഥിതി വിലയിരുത്തുന്നതിനായി ഒരു ഐ.ജിയും ഒരു ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥനും ലഖ്നൗവിൽ നിന്ന് പുറപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









