ന്യൂഡൽഹി: മാധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധീഖിയെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നതിന്റെ തെളിവുകൾ പുറത്ത്. സിദ്ധീഖിയുടെ മെഡിക്കൽ റിപ്പോർട്ടും, എക്സ് റേയും ദേശീയ മാധ്യമമായ ന്യൂസ് 18 പുറത്ത് വിട്ടു. ക്രൂരമായി കൊല്ലപ്പെട്ട ശേഷവും സിദ്ധീഖിയുടെ ശരീരത്തെ വെറുതെ വിട്ടില്ലെന്നും ഭാരമേറിയ വാഹനം ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
12 വെടിയുണ്ടകളാണ് സിദ്ധീഖിയുടെ ശരീരത്തിൽ കണ്ടെത്തിയത്. ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
“ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടതിന് ശേഷം താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ മൃതദേഹത്തെ വലിച്ചിഴച്ചതിന്റെ പാടുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. തലയിലും നെഞ്ചിലും ഭാരമുള്ള വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കി. നെഞ്ചിലും മുഖത്തും വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ ദൃശ്യമാണ്. ഹംവി, എസ്.യു.വി ടൈപ്പ് വാഹനങ്ങളോ ആണ് കയറ്റിയിറക്കിയത്” അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി പറഞ്ഞു.
ജൂലൈ 16ന് അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സിദ്ധീഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ വെച്ചായിരുന്നു ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടത്.
സിദ്ധീഖിയും അഫ്ഗാൻ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഡാനിഷ് സിദ്ധീഖിക്ക് പരിക്കേൽക്കുകയും തൊട്ടടുത്തുള്ള പള്ളിയിൽ പ്രവേശിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ സിദ്ധീഖി പള്ളിയിൽ ഉണ്ടെന്ന് അറിഞ്ഞ അഫ്ഗാൻ ഭീകരർ പള്ളിക്ക് നേരെ അക്രമണം നടത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.