കാബൂൾ: തലസ്ഥാനമായ കാബൂളിന്റെ തെക്കുപടിഞ്ഞാറായി 130 കിലോമീറ്റർ (80 മൈൽ) അകലെ ഗസ്നി പ്രവിശ്യയുടെ തലസ്ഥാനമായ ഗസ്നിയുടെ നിയന്ത്രണം താലിബാൻ സായുധ സംഘം ഏറ്റെടുത്തു. ദിവസങ്ങൾക്കുള്ളിൽ വീഴുന്ന പത്താമത്തെ പ്രവിശ്യ തലസ്ഥാനമാണ് ഇത്. ഗസ്നിയിലെ പ്രധാന ഓഫീസുകളായ ഗവർണറുടെ ഓഫീസ്, പൊലീസ് ആസ്ഥാനം, ജയിൽ എന്നിവയുടെ നിയന്ത്രണം ഭീകരർ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ഹൃദയഭൂമിയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലഷ്കർ ഗാഹിൽ പോരാട്ടം തുടരുകയാണ്.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ സെൻട്രൽ ജയിൽ താലിബാൻ പിടിച്ചെടുത്തിരുന്നു. ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഭീകരർക്ക് മുന്നിൽ കീഴടങ്ങി. കുറ്റവാളികളെ തുറന്ന് വിടുകയും ചെയ്തു. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരർ കാണ്ഡഹാർ ജയിലിലെത്തിയിരുന്നു. മൂവായിരത്തിലേറെ ഭീകരരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിന് മുൻപ് 2008, 2011 വർഷങ്ങളിലും ഭീകരർ ജയിൽ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.
അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു. 30 ദിവസങ്ങൾക്കകം അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബൻ വളയാമെന്നും 90 ദിവസത്തിനകം കാബൂളിൽ ഭരണം പിടിച്ചെടുത്തേക്കാമെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം നേരത്തെ അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ രാജ്യത്തെ പതിനൊന്നോളം പ്രവിശ്യകളിലെങ്കിലും ഭീകരർ നേരിട്ട് ഭരണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുൻപ് സമ്മാനിച്ച റഷ്യൻ നിർമ്മിത യുദ്ധ ഹെലികോപ്ടർ താലിബാൻ പിടിച്ചെടുത്തു. എം ഐ 24 ഹെലികോപ്ടറിന് മുന്നിൽ ഭീകരർ നിൽക്കുന്ന ചിത്രം മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യ നൽകിയ ഹെലികോപ്ടറിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഭീകരർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഫോട്ടോകളിൽ കാണുന്ന ഹെലികോപ്ടറിൽ പറക്കാൻ സഹായിക്കുന്ന ബ്ലേഡുകൾ കാണാനാവുന്നില്ല. ഭീകരരുടെ ആക്രമണം മുൻകൂട്ടി കണ്ട് റോട്ടർ ബ്ലേഡുകൾ അഫ്ഗാൻ സൈന്യം നേരത്തേ നീക്കം ചെയ്തതായിട്ടാണ് സൂചന. ഇതിനാൽ തന്നെ താലിബാന് വൈമാനികരെ കൊണ്ട് വന്നാലും ഹെലികോപ്ടർ ഉപയോഗിക്കാൻ കഴിയില്ല. ഇതിന് പുറമേ മറ്റു സാങ്കേതി തകരാറുകൾ ഹെലികോപ്ടറിന് വരുത്തിയിട്ടാവും അഫ്ഗാൻ സൈന്യം പിന്മാറിയതെന്നും സൂചനകളുണ്ട്.20 വർഷത്തിന് ശേഷം അമേരിക്കൻ സൈന്യത്തെ അഫ്ഗാനിൽ നിന്ന് തിരികെവിളിച്ച തന്റെ തീരുമാനത്തിൽ ഖേദമില്ലെന്ന് മുൻപ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
അഫ്ഗാൻ സൈന്യത്തിലെ ആൾബലം താലിബാനെക്കാൾ വളരെക്കൂടുതലാണെന്നും അവർ യുദ്ധ തൽപരരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.അഫ്ഗാനിൽ യു.എസ് എംബസിയും കാബൂളിലെ എയർപോർട്ടും സംരക്ഷിക്കാനുളളതൊഴികെ എല്ലാ സൈന്യത്തെയും അമേരിക്ക പിൻവലിച്ചു, ഓഗസ്റ്റ് 31ന് സൈനിക ദൗത്യം അവസാനിപ്പിക്കാനാണ് തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.