ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ ബുധനാഴ്ച രാത്രി 6 വയസ്സുള്ള ദളിത് പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി 34 കാരനായ വിവാഹിതനായ അയൽവാസിയാണ്. അയൽവാസിക്കെതിരെ മയൂർ വിഹാർ പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ പോക്സോ, എസ്.സി/എസ്.ടി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് കാലതാമസം വരുത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, സംഭവത്തിന് തൊട്ടുപിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അവകാശപ്പെടുന്നു. പ്രതിയെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് വക്താവ് ചിൻമോയ് ബിസ്വാൾ പറഞ്ഞു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിേഷധവുമായി നാട്ടുകാർ തടിച്ചുകൂടിയിരുന്നു.
“അവൾ കരഞ്ഞുകൊണ്ടാണ് വീട്ടിൽ വന്നത്. കൈകൾ അവളുടെ ഫ്രോക്കിൽ കെട്ടിയിരുന്നു. തനിക്ക് പരിക്കേറ്റതായി അവൾ പറഞ്ഞു. സ്വകാര്യ ഭാഗത്ത് നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞു – രണ്ടുപേർ എന്നെ നിർബന്ധിച്ചുവെന്നും നാവ് തുറന്നാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.” പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.
ബലാത്സംഗം നടന്ന പ്രദേശത്ത് ദളിതരുടെ വീടുകൾ കുറവാണ് . ദീർഘകാലമായി ഇവിടെ താമസിക്കുന്ന ദക്ഷിണേന്ത്യക്കാരാണ് ഭൂരിഭാഗം പേരും. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ബലാത്സംഗത്തിന് അറസ്റ്റിലായ പ്രതിയും ഒരു ദക്ഷിണേന്ത്യക്കാരനാണ്.
ഡൽഹി കേന്റാൺമെന്റിന് സമീപം ഒമ്പതുവയസുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു സംഭവം. ആഗസ്റ്റ് ഒന്നിനാണ് ശ്മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
പുരോഹിതൻ ഉൾപ്പെടെയുള്ള പ്രതികൾ കുട്ടിയുടെ മൃതദേഹം ബലമായി സംസ്കരിക്കുകയുമായിരുന്നു. പെൺകുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും അതിനാൽ പൊലീസിൽ വിവരം അറിയിക്കേണ്ടയെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പൊലീസ് ഇടപെട്ടാൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും പ്രശ്നം ഗുരുതരമാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കൾ കഴിഞ്ഞദിവസം ഏറ്റുവാങ്ങി. അടുത്ത ബന്ധുക്കളായ 15 -20 പേരുടെ സാന്നിധ്യത്തിൽ പഴയ നങ്കൽ ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തിരുന്നു. ഇരയുടെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.