കോട്ടയത്ത് വീട്ടമ്മയുടെ മൊബൈൽ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് വാർത്തകൾ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.
ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവർ ആരോപിക്കുന്നു.
കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്. വസ്ത്രം തുന്നി നല്കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ജെസി ചോദിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.