മലബാര്‍ സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു. താലിബാനിസം കേരളത്തിലും ആവർത്തിക്കുമെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. വാരിയംകുന്നത്തിനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
“അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
വാരിയംകുന്നന്റെ ആക്രമണത്തിന് ഇ.എം.എസ് കുടുംബവും ഇരകളായിരുന്നു. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി യോഗം കോഴിക്കോട് യൂണിയന്റെ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വാരിയംകുന്നത്തിനെ ആക്ഷേപിച്ചത്. നേരത്തെ, കേരളത്തിൽ അക്കാലത്ത് ക്രൂരമായ വംശഹത്യ നടന്നെന്നും മാപ്പിള ലഹള സ്വാതന്ത്ര്യസമരമല്ലെന്നും അത് ഹിന്ദുവേട്ടയായിരുന്നുവെന്നും കണ്ണൂരിൽ വെച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
സ്വതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‍ലിയാർ ഉൾപ്പെടെ 387 രക്തസാക്ഷികളുടെ പേര് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് തയ്യാറാക്കിയ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് 387 പേരെ നീക്കിയത്.
1921ലെ മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമല്ല. മതപരിവർത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദ പോരാട്ടമായിരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. നിഘണ്ടുവിന്റെ അഞ്ചാംവാല്യം പുനപ്പരിശോധിച്ച ഐസിഎച്ച്ആർ പാനലാണ് നിർദേശം നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.