ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. വിധി പുറപ്പെടുവിക്കുന്ന ദിവസം എൽ കെ അദ്വാനി ഉൾപ്പെടെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
അദ്വാനിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര, രാം വിലാസ് വേദാന്തി, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരുൾപ്പെടെ 32 പേർ പ്രതികളാണ്. എല്ലാ ദിവസവും വിചാരണ നടത്തണമെന്നും ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
എന്നാല്‍ വിചാരണ അവസാന ഘട്ടത്തിലാണെന്നും , ലോക്ഡൗണ്‍ അടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.