കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ പതിനഞ്ചെണ്ണം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും, അഞ്ചെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പരിശോധിച്ചത്. രോഗലക്ഷണങ്ങളുള്ള 17 പേരില്‍ 16 പേര്‍ക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ പരിശോധിച്ച 30 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി.
ഇനി 21 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളോടെ 10 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. 42 ദിവസം നിരീക്ഷണം തുടരും. രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടേയും നില തൃപ്തികരമാണ്.
നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ അവയുടെ സ്രവം ശേഖരിക്കും. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘം ഇന്ന് സംസ്ഥാനത്ത് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സംഘത്തിലെ ഒരു അംഗത്തിന് വ്യക്തിപരമായ പ്രയാസം ഉള്ളതിനാല്‍ സംഘം ഇന്ന് എത്തില്ല. അവര്‍ എത്തിയ ശേഷം വവ്വാലുകളില്‍നിന്നുള്ള സാമ്ബിള്‍ ശേഖരണ നടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









