കോഴിക്കോട്: തൊണ്ടയാട് ബഹുനില കെട്ടിട അപകടത്തിന് കാരണം നിർമാണ സമയത്തെ അശ്രദ്ധയാണെന്ന് പ്രാഥമിക വിലയിരുത്തൽ. കെട്ടിട ഉടമയ്ക്കും നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർക്കും എതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 304 എ, 338 വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുനന്നത്. നിലവില്‍ അഞ്ച് പേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നഗരത്തിലെ തൊണ്ടയാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികള്‍ തകര്‍ന്ന സ്ലാബിനുള്ളില്‍ പെട്ടു.
തമിഴ്നാട് സ്വദേശികളായ കാർത്തിക്കിനെയും സലീമിനെയും തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ തങ്കരാജ്, ഗണേഷ്, ജീവാനന്ദം എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








