ദുബായ്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്സ്പോ 2020-ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഇത്. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന ആറുമാസത്തെ എക്‌സ്‌പോയിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും അവധി എടുക്കാം.
എക്സ്പോ 2020-നായി കാത്തിരിക്കുന്നവർക്ക് ഇപ്പോൾ ഒരു ദിവസത്തെ സന്ദർശന നിരക്കിൽ ഒരു മാസത്തെ പാസ് ലഭിക്കും. ‘ഒക്ടോബർ പാസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ എൻട്രി ടിക്കറ്റ് സന്ദർശകരെ 31 ദിവസത്തേക്ക് എക്സ്പോ വേദി സന്ദർശിക്കാൻ അനുവദിക്കുന്നു. 95 ദിർഹമാണ് നിരക്ക്. ഈ പ്രത്യേക ആനുകൂല്യം ഒക്ടോബർ 15 വരെ മാത്രം ആയിരിക്കും.
പവലിയനുകൾ സന്ദർശിക്കാൻ 10 പ്രത്യേക ക്യൂ ബുക്കിംഗുകളും ഈ പ്രത്യേക പാസിൽ സൗജന്യമായി ലഭ്യമാണ്. ഇത് ഓരോ പവലിയന്റെ മുന്നിലുമുള്ള കാത്തിരിപ്പ് ഇല്ലാതാക്കുമെന്ന് എക്സ്പോ വെബ്സൈറ്റ് പറയുന്നു. എക്സ്പോയിൽ 192 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകളും പ്രതിദിനം 60 തത്സമയ പരിപാടികളും 200 ലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളും പ്രദർശിപ്പിക്കും. 2020 ദുബായ് എക്സ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.