കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയെയും കുഞ്ഞിനെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തുംമീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മ(36)യെയും മൂന്നുമാസം പ്രായമുള്ള മകള്‍ ആഷ്വിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗ്രീഷ്മയ്ക്ക് പിറന്ന കുഞ്ഞാണ് ആഷ്വി.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പേരാമ്പ്ര അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേന അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്ത് മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം ഗ്രീഷ്മ മകളോടൊപ്പം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മുചുകുന്ന് സ്വദേശി മനോളി ലിനീഷും ഗ്രീഷ്മയും തമ്മിലുള്ള വിവാഹം 2013 സെപ്റ്റംബർ 13നായിരുന്നു നടന്നത്. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ചത്.
മൂന്ന് ദിവസത്തിന് ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.