മൈസൂരിൽ ദളിത് വിഭാഗത്തിൽപെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന്, കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉന്നതജാതിക്കാർ. ചാമരാജ നഗറിലെ ഹെഗോത്തറ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ശനിയാഴ്ചയാണ് സംഭവം. മറ്റൊരു ഗ്രാമത്തിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഹെഗറ്റോറയിലെത്തിയതായിരുന്നു ഈ സ്ത്രീ. കുടിവെള്ള ടാങ്കിനോട് ചേർന്നുള്ള പൈപ്പിൽ നിന്ന് ഇവർ വെള്ളം കുടിച്ചു. ഇത് കണ്ടതിനെ തുടർന്നാണ് ഉന്നത ജാതിയിൽ പെട്ടവർ വാട്ടർടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞ് ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചത്. വാട്ടർ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതിൽനിന്ന് ആർക്ക് വേണമെങ്കിലും വെളളം കുടിക്കാമെന്നും അധികൃതർ ഗ്രാമവാസികളെ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാൻ ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വാട്ടർ ടാങ്ക് ശുദ്ധീകരണം നടന്നതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തഹസീൽദാർ ബസവരാജു പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.