നാഗ്പുരിൽ നിന്ന് മഞ്ചേരിയിലേക്ക് ഓറഞ്ച് ലോഡുമായി വന്ന ലോറി ചുരത്തിലെ ചിപ്പിലിത്തോട് ജംക്ഷൻ വളവിൽ നിയന്ത്രണം വിട്ട് 29ാം മൈൽ ബദരിയ ജുമാ മസ്ജിദിനു മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ പള്ളിയുടെ മിനാരം പൂർണമായും തകരുകയും പ്രധാന കോൺക്രീറ്റ് ബീമും സ്ലാബും പൊട്ടുകയും ചെയ്തു. മിനാരത്തിന്റെ മുകൾ ഭാഗം തെറിച്ചു വീണ് വാർപ്പിന് വിള്ളൽ വീണും മറ്റും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ വയനാട് പടിഞ്ഞാറത്തറ സ്വദേശി സാദിഖ് നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. അപകട സമയം പള്ളിയിലുണ്ടായിരുന്ന ദർസ് വിദ്യാർഥിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞ ലോറി നിരങ്ങി റോഡിനു താഴെയുള്ള പള്ളിയുടെ മിനാരം തകർത്ത് പള്ളിക്കും മതിലിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിൽ രണ്ട് വൈദ്യുതി പോസ്റ്റുകളും ദേശീയപാത സുരക്ഷാമതിലും തകർന്നിട്ടുണ്ട്. ലോറി വൈദ്യുതി കമ്പിയിൽ കുരുങ്ങി സുരക്ഷാ മതിലിൽ ഇടിച്ചതു മൂലമാണ് കൂടുതൽ അപായം ഒഴിവായത്. ലോറിയുടെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്ന് കാര്യമായ കേടുപാട് പറ്റിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.