കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീറിനെ (26) യാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പരാതി ലഭിക്കുകയും കേസെടുത്തതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ഇയാളെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ ജില്ലയിൽ വേറെയും കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.
സുഹൃത്ത് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ്. കെ യുടെ നേതൃത്വത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്, അനൂപ് തറോൽ, സിവിൽ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









