പലരാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിരക്കും കൂടുന്നുണ്ട്. കോവിഡിനു പിന്നാലെ മങ്കിപോക്സും വന്ന അനുഭവങ്ങൾ പങ്കുവെച്ചവരുണ്ട്. എന്നാൽ ഇപ്പോഴിതാ കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും ഒരേസമയം സ്ഥിരീകരിച്ച യുവാവിന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള മുപ്പത്തിയാറുകാരനാണ് മൂന്നുരോഗവും ഒരേസമയം സ്ഥിരീകരിച്ചത്.ജേർണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പെയിനിൽ അഞ്ചുദിവസത്തെ യാത്ര കഴിഞ്ഞു വന്നതിനു പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പനിയും തൊണ്ടവേദനയും തലവേദനയും ക്ഷീണവുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. യാത്ര കഴിഞ്ഞെത്തി ഒമ്പതുദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നാലെ ചർമത്തിലും ശരീരത്തിലെ മറ്റുപലഭാഗങ്ങളിലും ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ലക്ഷണങ്ങൾ തീവ്രമായതോടെ ആശുപത്രിയിലെത്തുകയായിരുന്നു. മലദ്വാരത്തിന്റെ ഭാഗത്തിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കാണപ്പെട്ടു. കരളിന്റെയും പ്ലീഹയുടെയും വികാസവും കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈകാതെ എച്ച്.ഐ.വി പോസിറ്റീവാണെന്ന റിസൽട്ടും വന്നു. ഇക്കൂട്ടത്തിലാണ് ഒമിക്രോൺ വകഭേദമായ BA.5.1 ഉം സ്ഥിരീകരിച്ചത്. യുവാവ് ഫൈസർ വാക്സിൻ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.