കൂളിമാട്: കുളിമാടുപാലം ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ബസ്റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച കുളിമാടുപാലം ഒരു വർഷം മുൻപാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അന്നുമുതൽ ഉയരുന്നതാണ് പാലം വഴി ബസ്റൂട്ട് അനുവദിക്കണമെന്ന ആവശ്യം.
വയനാടുനിന്നും കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കിൻഫ്ര തുടങ്ങിയ ഇടങ്ങളിലേക്ക് എളുപ്പമെത്താവുന്ന റൂട്ടാണിത്. കൂളിമാട് പാലം വഴി ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എവർഷൈൻ പാഴൂർ അധികൃതർക്ക് നിവേദനം നൽകി. പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് മുക്കം ഇ.എം.എസ് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് എവർഷൈൻ ഭാരവാഹികൾ നിവേദനം നൽകിയത്.
കൂടാതെ നേരത്തേ സർവ്വീസ് നടത്തിയിരുന്ന തിരുവമ്പാടി-മുക്കം- കൂളിമാട്- യൂണിവേഴ്സിറ്റി കെ എസ് ആർ ടി സി ബസ്സ് പുന:സ്ഥാപിക്കണമെന്നും കോഴിക്കോട് – പാഴൂർ – മുക്കം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നും ഇതു വഴി കൂടുതൽ ബസ് പെർമിറ്റുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ക്ലബ് സെകട്രറി ഫഹദ് പാഴൂർ, അനീസ് വായോളി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.