കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ് നിരക്ക് പുതുക്കിയതിനൊപ്പം സമയക്രമ നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ സാമ്പത്തിക ചൂഷണത്തിന് വഴിവെക്കുന്നെന്ന പരാതി ശക്തമാകുന്നു. വിമാനത്താവളത്തിനകത്ത് പ്രവേശിച്ച് പുറത്തുകടക്കാന്‍ നിശ്ചയിച്ച സൗജന്യ സമയപരിധി, പരിഹരിക്കാതെ തുടരുന്ന ഗതാഗത കുരുക്കിനാല്‍ പാലിക്കാനാകുന്നില്ലെന്ന ആക്ഷേപമാണ് യാത്രക്കാര്‍ ഉയര്‍ത്തുന്നത്.
ഗതാഗത കുരുക്കില്‍പ്പെട്ട വാഹനങ്ങളില്‍ നിന്ന് സൗജന്യ സമയപരിധി പാലിച്ചില്ലെന്ന പേരില്‍ പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നത് നിത്യവുമുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുകയാണ്. പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നതിന്റെ പേരില്‍ കരാര്‍ ഏറ്റെടുത്തവരുടെ തൊഴിലാളികള്‍ ഗുണ്ടാരാജ് നടപ്പാക്കുന്നെന്ന പരാതികള്‍ വ്യാപകമായിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ വിമാനത്താവള അതോറിറ്റിയുടെ ഭാഗത്തുനിന്ന് വൈകുകയാണ്.
കൂടുതല്‍ വിമാനങ്ങള്‍ എത്തുന്ന പുലര്‍ച്ചെ മൂന്ന് മുതലും വൈകുന്നേരം നാലിന് ശേഷവും വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും കടക്കുന്ന കവാടത്തിനു മുന്നില്‍ വാഹനക്കുരുക്ക് രൂക്ഷമാണ്. പ്രധാന കവാടത്തില്‍ ഇരു ദിശകളിലേക്കും രണ്ട് വീതം വരികളിലായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെയുള്ള ടോള്‍ ബൂത്തിനു മുന്നില്‍ ഓട്ടോമേറ്റഡ് ബൂം ബാരിയറുകള്‍ സ്ഥാപിച്ച് സമയം രേഖപ്പെടുത്തുകയും പുറത്തിറങ്ങുമ്പോള്‍ സമയത്തിനനുസരിച്ചുള്ള നിശ്ചിത നിരക്ക് ഈടാക്കുകയുമാണ് ചെയ്യുന്നത്.
ഭൂരിഭാഗം വാഹനങ്ങളും പാര്‍ക്കിങ് മേഖലയില്‍ പ്രവേശിക്കാതെ നേരിട്ട് തിരിച്ചുപോകുന്നവയാണ്. ഇങ്ങനെ പോകുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റാണ് സൗജന്യ സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാനും തിരിച്ചുപോകാനുമുള്ള റോഡുകളുടെ വീതികുറവിനെ തുടർന്നുള്ള ഗതാഗത കുരുക്കില്‍പ്പെട്ട് നിശ്ചിത സമയത്തില്‍ കടന്നുപോകാന്‍ വാഹനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇത് മുതലെടുത്ത് അര മണിക്കൂര്‍ സമയത്തിന് നിശ്ചയിച്ച തുക ഈടാക്കുന്നതാണ് യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത്.
വിമാനത്താവളത്തിലെ സൗകര്യകുറവാണ് സമയ നിഷ്ഠ പാലിക്കുന്നതിലെ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയാലും പണം നല്‍കാതെ പുറത്തുപോകാന്‍ അനുവദിക്കാത്ത ഏജന്‍സിയുടെ നിലപാട് യാത്രക്കാരുമായുള്ള കൈയാങ്കളിക്കുവരെ കാരണമായിട്ടുണ്ട്. മതിയായ റോഡ് സൗകര്യമില്ലാതെയും വാഹന ബാഹുല്യം കണക്കിലെടുക്കാതെയും നടപ്പാക്കിയ സമയക്രമ പരിഷ്കാരം അശാസ്ത്രീയവും കരിപ്പൂരില്‍ അപ്രായോഗികവുമാണെന്ന യാത്രക്കാരുടെ പരാതികള്‍ ന്യായമാണെന് ബോധ്യമുണ്ടെങ്കിലും മൗനത്തിലാണ് വിമാനത്താവള അധികൃതര്‍.
പ്രശ്നപരിഹാരത്തിന് മതിയായ വീതിയിലുള്ള റോഡും അനുബന്ധ സൗകര്യങ്ങളും സാധ്യമാക്കുക എന്നതും കരിപ്പൂരിലെ നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. പാര്‍ക്കിങ് നിരക്ക് ഈടാക്കാന്‍ മാത്രമായുള്ള ബന്ധപ്പെട്ടവരുടെ പിടിവാശി അവസാനിപ്പിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് യാത്രക്കാര്‍ നിരന്തരം ഉന്നയിക്കുന്ന ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.