കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ.
ഉദ്യോഗസ്ഥരെ മർദിച്ചതിന് അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിക്കുണ്ടായ നഷ്ടം നികത്തിയ ശേഷമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൂവെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
അധിക ബില്ലിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് ആക്രമിച്ചിട്ടില്ലെന്നും അജ്മൽ പറഞ്ഞു. അധിക ബില്ലിനെക്കുറിച്ച് സംസാരം നടന്നു. തുടർന്ന് പ്രതിഷേധ സൂചകമായി വീട്ടിൽ നിന്ന് പഴകിയ കറിയെടുത്ത് ഉദ്യോഗസ്ഥൻ്റെ ദേഹത്ത് ഒഴിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്ന മറ്റെല്ലാം വ്യാജമാണ്. ഓഫീസ് ഉപകരണങ്ങളോ കമ്പ്യൂട്ടറോ നശിപ്പിച്ചിട്ടില്ല.
അത് അവർ സ്വയം ചെയ്തതാണ്. കെഎസ്ഇബി ഡ്രൈവറാണ് ചില്ല് തകർത്തത്. അനുജന്റെ തലയ്ക്ക് അടിയേറ്റു. കെഎസ്ഇബി ഉദ്യോഗസ്ഥർ ഞങ്ങളെ ആക്രമിച്ചു. കംപ്യൂട്ടർ മോണിറ്റർ ഉപയോഗിച്ചാണ് അനുജനെ ആക്രമിച്ചത്. കെഎസ്ഇബി ഓഫീസിൽ നടന്നതെല്ലാം ഫോണിൽ പകർത്തി. ഈ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആ ഫോൺ പുറത്തുവന്നാൽ സത്യം പുറത്തുവരും. എന്നെയും അനുജനെയും മർദിക്കുന്ന വീഡിയോകളെല്ലാം ആ ഫോണിലുണ്ട്. കെഎസ്ഇബിയും പൊലീസും ഒത്തുകളിച്ച് ആ ഫോൺ ഹാജരാക്കുന്നില്ല. ഫോൺ ഹാജരാക്കാൻ മജിസ്ട്രേറ്റിന് അപേക്ഷ നൽകുമെന്ന് അജ്മൽ പറഞ്ഞു.
തിരുവമ്ബാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലാണ് അതിക്രമം നടന്നത്. ബില്ലടയ്ക്കാത്തതിന് അജ്മലിന്റെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്ഷൻ റദ്ദാക്കിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച കെഎസ്ഇബി ഓഫീസിലെത്തിയ അജ്മൽ ലൈൻമാൻ പ്രശാന്തിനെയും സഹായി അനന്തുവിനെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.
അതേസമയം, കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിന്റെ പേരില് വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച കെ. എസ് .ഇ.ബി യുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ഇന്നലെ രാത്രി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില് പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് യു.സി റസാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് അജ്മലിന്റെ മാതാവ് മറിയവും പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്സ് ഇന്ന് കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.