കോഴിക്കോട്: നഗരഹൃദയത്തിൽ പട്ടാപ്പകൽ കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം കസബ പൊലീസ് പിടികൂടി. പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന് സതീഷ് എന്ന സതിയെ ആണ് (41) ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജുവിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ 15ന് ഉച്ചയ്ക്ക് പാവമണി റോഡിൽ നിന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലേക്കുള്ള റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. തുടർന്ന് പ്രതി കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കുന്നതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചത്.
തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. ട്രെയിനില്‍ കയറി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷും സംഘവും സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് കുത്തേറ്റ് രക്തം വാര്‍ന്ന് മൃതപ്രായനായ കരിക്കാംകുളം സ്വദേശി അബ്ദുല്‍ റഷീദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാര്‍, സൈബര്‍ വിദഗ്ധന്‍ രാഹുല്‍ മാത്തോട്ടത്തില്‍ കസബ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ പി.എം. രതീഷ്, രഞ്ജിഷ്, സി.പി.ഒ വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.