കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 755.50 മീറ്ററിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.
റിസർവോയറിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ആവശ്യമായ അളവിൽ വെള്ളം തുറന്നുവിടാൻ കെഎസ്ഇബി സേഫ്റ്റി ഡിവിഷൻ വയനാട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുമതി നൽകിയിട്ടുണ്ട്. സെക്കൻഡിൽ 100 ഘനമീറ്റർ വെള്ളം തുറന്നുവിടാനാണ് അനുമതി നൽകിയിട്ടുള്ളത്. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് ഇന്നുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടാനാണിത്.
തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ 17 പഞ്ചായത്തുകളെ/ വില്ലേജുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകാൻ കൊയിലാണ്ടി, വടകര തഹസിൽദാർമാർക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.