കോഴിക്കോട്: 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സംശയം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം അച്ചന്‍കുളത്തില്‍ കുളിക്കാനിറങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കുളിക്കാനിറങ്ങിയവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള ആശാ പ്രവർത്തകരാണ് ശേഖരിക്കുന്നത്.
രാമനാട്ടുകര നഗരസഭയിലെ ഇരുപത്തി നാല്, അഞ്ച് ഡിവിഷന് പരിധിയില്‍ വരുന്ന കുളമാണിത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ചുവരുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ നീന്തല്‍ പരിശീലിക്കാനും കുളിക്കാനുമായി നിരവധി ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ 16ാം തീയ്യതി മുതല്‍ കുളത്തില്‍ എത്തിയവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവർ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മെയ് മാസം അവസാന വാരത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചിരുന്നു. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് അഞ്ചുവയസുകാരിക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മൂന്നിയൂർ സ്വദേശിയായ പെണ്‍കുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയില്‍, വേനലില്‍ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.