എലത്തൂർ: ജില്ലാ സഹകരണബാങ്കിന്റെ എലത്തൂർ ശാഖയിൽ വ്യാജരേഖകൾ ഹാജരാക്കി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എലത്തൂർ ടെലഫോൺ എക്‌സ്‌ചേഞ്ചിന് സമീപം ഗഫൂർമഹലിൽ ജി എം അബ്ദുൽ റൗഫ്(51) നെയാണ് എലത്തൂർ സി ഐ കെ.ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. തട്ടിപ്പ് നടത്തിയ ശേഷം മലേഷ്യയിലേക്ക് മുങ്ങിയ ഇയാൾ നാട്ടിലേക്ക് തിരിച്ചുവരുന്ന വിവരം വിമാനത്താവളം എമിഗ്രേഷൻ അതോറിറ്റിയാണ് പൊലീസിനെ അറിയിച്ചത്.
തുടർന്നാണ് പൊലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരൻമാരായ മുഹമ്മദ് ബഷീർ, സക്കരിയ, ബന്ധുവായ പടിഞ്ഞാറയിൽ ഹിഷാം, വ്യാജരേഖ നിർമ്മിച്ചു നൽകിയ ഷാജു വർഗീസ് എന്നിവരാണ് കൂട്ടുപ്രതികൾ. ഇതിൽ മുഹമ്മദ് ബഷീറിനെ മാർച്ച് ആറിനും സക്കരിയയെ ഒരു വർഷം മുമ്പും അറസ്റ്റു ചെയ്തിരുന്നു. 2014 സെപ്തംബറിൽ നാലുപേരും ചേർന്ന് 25 ലക്ഷംരൂപവീതമാണ് മാനേജരെ കബളിപ്പിച്ച് ബാങ്കിൽ നിന്ന് ഭവനവായ്പ തരപ്പെടുത്തി തട്ടിയെടുത്തത്. ബാലുശ്ശേരി വയലടക്കടുത്ത് കോട്ടക്കുന്ന് മലയിൽ ആകെ നാല് ലക്ഷം രൂപക്ക് വാങ്ങിയ 2 ഏക്കർ 25 സെന്റ് ഭൂമിയുടെ പ്രമാണവില കൂട്ടിക്കാണിച്ചും വ്യാജരേഖയുണ്ടാക്കിയുമാണ് വായ്പ തരപ്പെടുത്തിയത്.
സ്ഥലപരിശോധനക്കെത്തിയ ബാങ്ക് മാനേജരെ മറ്റൊരുസ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. ഇതിനായി ഷാജുവർഗ്ഗീസ് കാന്തലോട് വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി നിർമ്മിച്ചുനൽകി. തിരിച്ചടവ് മുടങ്ങിയതോടെയാണ് പണവുമായി പ്രതികൾ വിദേശത്തേക്ക് കടന്നതായും ബാങ്ക് കബളിപ്പിക്കപ്പെട്ടതായും മനസിലായത്. ഇതോടെ ബാങ്ക് കോടതിയെ സമീപിക്കുകയും ജാഗ്രതയില്ലാത്ത മാനേജരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം 2019ൽ ആണ് എലത്തൂർ പൊലീസ് കേസെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.