ഡൽഹി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കിൽ അരവിന്ദ് കെജ്രിവാളിന് ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും.
കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് . ഈ ഉത്തരവിൽ സ്ഥിരം ജാമ്യത്തിന് കെജ്രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിചാരണക്കോടതിയെ സമീപിക്കാതെ ഇടക്കാല ജാമ്യം നീട്ടുന്നതിന് സുപ്രീം കോടതിയിൽ കെജ്രിവാൾ സമർപ്പിച്ച അപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് രജിസ്ട്രിയുടെ നിലപാട്.
ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ആവശ്യം അടിയന്തരമായി കേൾക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി നേരത്തെ അവധിക്കാല ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കുമെന്നായിരുന്നു അവധിക്കാല ബെഞ്ച് വ്യക്തമാക്കിയത്. ഇ.ഡി അറസ്റ്റ് ചെയ്ത നടപടി ചോദ്യംചെയ്ത് കെജ്രിവാൾ നൽകിയ ഹർജി വിധി പറയാനായി സുപ്രീം കോടതി മാറ്റിയിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.