കോഴിക്കോട് : കുന്ദമംഗലത്ത് കാപ്പ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റിൽ. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ചെത്തുകടവ് സ്വദേശി ജിതേഷിന് വെട്ടേറ്റ് പരിക്കേറ്റത്.
കുന്ദമംഗലം ചെത്തുകടവ് സ്വദേശി സുജില്‍, ലിബേഷ് എന്ന ടിന്റു, കൊട്ടേഷന്‍ നല്കിയ ഷാജി, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച അഖില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് നഗരത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ ഷാജിക്കും സുജിലിനും വെട്ടേറ്റ ജിതേഷിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന്റെ പ്രധാന കാരണം. ഇരുമ്പ് പൈപ്പുകളും കൈക്കോട്ടും ഉപയോഗിച്ചാണ് ജിതേഷിനെ ആക്രമിച്ചത്.
ഞായറാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ ജിതേഷിനെ ആക്രമിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതേഷ്. അടുത്തിടെയാണ് ജയിൽ മോചിതനായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.