കോഴിക്കോട്: ഐശ്വര്യത്തിൻ്റെയും സമ്ബദ്സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. അത്തം ഇന്ന് തുടങ്ങുന്നു. പൂക്കളമൊരുക്കി പത്തുദിവസത്തെ ഓണാഘോഷം തുടങ്ങുന്ന ദിവസമാണിത്. ഇനി പൂവിളികളുടെ നാളുകള്‍.
ജില്ലയിലെ ഏറ്റവും വലിയ പൂവിപണിയായ പാളയം പൂക്കടകളാല് സമൃദ്ധമായി. പൂക്കള്‍ക്ക് വലിയ വിലയാണെങ്കിലും വില മറന്ന് ജനം പൂ വാങ്ങാൻ എത്തി തുടങ്ങിയതോടെ തിരക്കേറി. മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരുമായി നിരവധി പേരാണ് ഇവിടെയുള്ളത്. ചൊവ്വാഴ്ച മുതലേ തമിഴ്നാട്ടിലെ മേട്ടുപാളയം, കർണാടകയിലെ ഗുണ്ടല്‍പേട്ട്, ബംഗളൂരു, കോയമ്ബത്തൂർ എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലേക്ക് പൂക്കള്‍ എത്തിയിരുന്നു. ചുവന്ന ചെട്ടിയാണ് ഇത്തവണയും താരം.
കൂടുതലായി എത്തിയതും ഇവ തന്നെ. കിലോയ്ക്ക് 50 മുതലാണ് ഇവയുടെ വില. ഇത്തവണ വില അല്‍പ്പം കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഡാലിയ, വെല്‍വെറ്റ് പൂക്കള്‍ എന്നിവയ്ക്ക് വില അല്‍പ്പം കൂടുതലുണ്ട്. എല്ലാ പൂക്കളും ചേർത്ത് 50 രൂപ മുതലുള്ള കിറ്റും വില്‍പ്പനയ്ക്കുണ്ട്. വാടാമല്ലിയും ചെണ്ടുമല്ലിയുമാണ് തമിഴ്നാട്ടില്‍ നിന്ന് കൂടുതലെത്തുന്നത്. തമിഴ്നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ക്ക് വില താരതമ്യേന കുറവായതിനാല്‍ ആവശ്യക്കാരും ഏറെയാണ്. വീടുകളിലേക്കായി വാങ്ങുന്നവരും ചെറുകിട കച്ചവടക്കാരുമാണ് പൂക്കള്‍ വാങ്ങാനായി ഇപ്പോള്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
വില (കിലോ)
അരളി -400
മഞ്ഞചെട്ടി -100
വെള്ളചെട്ടി -200
വെള്ള ജമന്തി -300
ചുവന്നചെട്ടി -100
റോസ് -300
കടും റോസ് -250
നീല -320
വാടാമല്ലി -120
നാടൻ പൂക്കളുമെത്തും
ഓണ പൂവിപണിയില്‍ നാടൻ ബന്തിപ്പൂക്കളുമെത്തും. ജില്ലയില്‍ തരിശുഭൂമികളിലും മാലിന്യക്കൂമ്ബാരം നിറഞ്ഞ സ്ഥലങ്ങളിലും ബന്തിയും ജമന്തിയും വാടാമല്ലിയും പൂത്തുലയുന്ന സുന്ദരകാഴ്ചയാണ്. ഇന്ന് മുതല്‍ പൂക്കള്‍ വിപണിയിലേക്കെത്തും. പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവം ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഓണംവിപണി ലക്ഷ്യമിട്ടാണ് നിറപ്പൊലിമ 2024 എന്ന പേരില്‍ വിവിധയിടങ്ങളില്‍ പൂക്കൃഷി ചെയ്തത്. ജില്ലയിലെ 80 സി.ഡി.എസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങള് മുഖേന 102.5 ഏക്കറിലാണ് കൃഷിയിറക്കിയത്. സബ്സിഡി നിരക്കിലാണ് തൈ വിതരണം ചെയ്തത്. ഹോള്‍സെയില്‍ മാർക്കറ്റുകളിലൂടെയും ഓണം സ്റ്റാളുകളിലൂടെയും പൂക്കള്‍ വിറ്റഴിക്കാനാണ് ശ്രമം.
ഓണത്തെ വരവേല്‍ക്കാൻ കൈത്തറിമേളയും
പ്രതിസന്ധിയിലും തളരാതെ..
കോഴിക്കോട്: ഓണമടുത്തതോടെ സജീവമായി കൈത്തറി മേളകള്‍. സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറിന്റെയും ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ജില്ലയിലെ സംഘങ്ങള്‍ക്ക് പുറമെ മറ്റു ജില്ലയിലെ സംഘങ്ങളുമുണ്ട്. കേരളത്തിലുടനീളമുള്ള കൈത്തറി സഹകരണ സംഘങ്ങളിലെ പരമ്ബരാഗത നെയ്ത്തുകാർ ഉത്പ്പാദിപ്പിച്ചെടുത്ത തുണിത്തരങ്ങളുടെ പ്രദർശനവും വില്‍പ്പനയുമാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിനടുത്തുള്ള മേളയില്‍ നടക്കുന്നത്. 2500 മുതല്‍ കേരളാ സാരിയും 2000 മുതല്‍ ബെഡ് ഷീറ്റുകളും 150 രൂപയില്‍ തുടങ്ങുന്ന ബാഗുകളും എന്നിങ്ങനെ നിരവധി ഉത്പ്പന്നങ്ങളാണ് മേളയിലുള്ളത്.
കൊവിഡ് വന്നതോടെ അവസാനിച്ച സ്കൂള്‍ യൂണിഫോം പദ്ധതി സാധാരണ കൈത്തറി തൊഴിലാളികളെ വലിയ തോതില്‍ ബാധിച്ചു. കൈത്തറി ഉപകരണങ്ങള്‍ക്കും കളറിനും വിലയേറിവരുന്ന സമയത്തും ഉത്പ്പന്നങ്ങള്‍ വിറ്റുപോവാതിരിക്കുന്നത് പ്രതിസന്ധിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. റിബേറ്റുകള്‍ വരുമ്ബോള്‍ സ്റ്റാള്‍ ഒരുക്കാനുള്ള 6000 രൂപയും സാധനങ്ങള്‍ ഫാക്ടറിയില്‍ നിന്നും എത്തിക്കാനുള്ള ചെലവും സംഘടകർക്ക് തൊഴിലാളികള്‍ നല്‍കണം. ഇ.എസ്.ഐ കൂടി ലഭിക്കാത്ത അവസ്ഥയില്‍ തൊഴിലാളികളുടെ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ്. പരമ്ബരാഗത തൊഴില്‍ ആയതുകൊണ്ട് പലരും ഇത് ഉപേക്ഷിക്കാനും തയ്യാറല്ല. നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് കൈത്തറി മേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
” കൈത്തറി ഉത്പ്പന്നങ്ങളോടുള്ള പ്രിയം ജനങ്ങളില്‍ കുറഞ്ഞുവരികയാണ്. ഓരോ സൊസൈറ്റികളിലേക്ക് കൈത്തറി ഉപകരണങ്ങള്‍ വാങ്ങാനുള്ള തുക സർക്കാർ നല്‍കുന്നുണ്ടെങ്കിലും ആഘോഷ സമയങ്ങളില്‍ മാത്രം വില്‍പ്പന നടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ള പണം പോലും കിട്ടാറില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും അവഗണനയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയില്ല. “
ചന്ദ്രൻ, കൈത്തറി തൊഴിലാളി, പേരാമ്ബ്ര
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.