ഡോ.സി കെ ഷമീം
ചീഫ് എഡിറ്റർ
PressLive News
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും വലിയ സംഭാവനയാണ് നൽകുന്നത്. എന്നാൽ, രാഷ്ട്രീയമായി അവരുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ടോ എന്നത് പല രാജ്യങ്ങളിലും ഇപ്പോഴും ചർച്ചാവിഷയമാണ്. സമീപകാലത്ത് ബംഗ്ലാദേശ് എടുത്ത ഒരു തീരുമാനമാണ്, ഈ വിഷയത്തെ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നത്.
ബംഗ്ലാദേശ് പ്രവാസികൾക്ക് വോട്ടവകാശം!
ബംഗ്ലാദേശ് സർക്കാർ ആദ്യമായി വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച “Postal Vote BD” എന്ന സംവിധാനത്തിലൂടെ വിദേശത്ത് കഴിയുന്ന ബംഗ്ലാദേശികൾക്ക് തപാൽ വോട്ടിംഗ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരം നൽകുന്നു.
ലോകത്ത് ഏകദേശം 12 മുതൽ 15 മില്യൺ വരെ ബംഗ്ലാദേശ് പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ ലക്ഷക്കണക്കിന് പേർ ഇതിനകം തന്നെ ഈ സംവിധാനത്തിലൂടെ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2025-ൽ ആരംഭിച്ച രജിസ്ട്രേഷൻ പ്രക്രിയയിൽ 3 ലക്ഷത്തിലധികം പ്രവാസികൾ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.പിന്നീട് വിവിധ രാജ്യങ്ങളിൽ നിന്നായി 50,000-ത്തിലധികം പേർ തുടക്കത്തിൽ തന്നെ രജിസ്റ്റർ ചെയ്തു എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ സംവിധാനം ഉപയോഗിച്ച് 148 രാജ്യങ്ങളിൽ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് തപാൽ വഴി വോട്ട് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.
ഭരണഘടനയും നിയമപരമായ മാറ്റങ്ങളും!
ബംഗ്ലാദേശ് ഭരണഘടനയിൽ പ്രവാസികൾക്ക് വോട്ട് ചെയ്യുന്നതിന് നേരിട്ട് വിലക്ക് ഉണ്ടായിരുന്നില്ല. എന്നാൽ 1982-ലെ നിയമത്തിലെ “സ്ഥിരതാമസം” എന്ന വ്യവസ്ഥ കാരണം വിദേശത്തുള്ളവർക്ക് പ്രായോഗികമായി വോട്ട് ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പിന്നീട് 2009-ലെ Electoral Rolls Act വഴി ഈ തടസം നീക്കപ്പെട്ടു.
അതേസമയം വർഷങ്ങളോളം വോട്ട് ചെയ്യാനുള്ള സാങ്കേതിക സംവിധാനം ഇല്ലാതിരുന്നതിനാൽ പ്രവാസികൾക്ക് അവകാശം പ്രായോഗികമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതാണ് പരിഹരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രവാസികളുടെ സ്ഥിതി!
ലോകത്ത് ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നാണ് ഇന്ത്യക്കുള്ളത്. ഏകദേശം 3 കോടിയിലധികം ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ ഭരണഘടന പ്രകാരം വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് വോട്ടവകാശം ഉണ്ടെങ്കിലും, അവർക്ക് നേരിട്ട് നാട്ടിലെത്തിയാണ് വോട്ട് ചെയ്യേണ്ടത് എന്ന വ്യവസ്ഥ നിലവിലുണ്ട്. അതായത് വിദേശത്ത് നിന്ന് തപാൽ വോട്ട് അല്ലെങ്കിൽ ഓൺലൈൻ വോട്ട് പോലുള്ള സംവിധാനങ്ങൾ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾ!
പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ പ്രവർത്തിക്കുന്നു. ഒമാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻതോതിൽ റിമിറ്റൻസ് നൽകി വരുന്നവരാണ്. എന്നാൽ അവർക്ക് രാഷ്ട്രീയ പങ്കാളിത്തം പ്രായോഗികമായി പരിമിതമാണ്. നാട്ടിലെത്തി വോട്ട് ചെയ്യുന്നത് പലർക്കും സാമ്പത്തികമായി പ്രയാസകരമാണ്.
പുതിയ ചർച്ചയ്ക്ക് വഴിതിരിക്കുന്നു!
ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾ പ്രവാസികൾക്ക് തപാൽ വോട്ടിംഗ് നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തിൽ, ഇന്ത്യൻ പ്രവാസികൾക്കും സമാനമായ സംവിധാനം വേണമെന്ന ആവശ്യം വീണ്ടും പ്രവാസികൾക്കിടയിൽ ശക്തമാകുന്നു.ജനാധിപത്യത്തിൽ ഓരോ പൗരന്റെയും ശബ്ദം പ്രധാനമാണ്. രാജ്യത്തിന്റെ വികസനത്തിൽ സാമ്പത്തികമായി വലിയ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് രാഷ്ട്രീയ പങ്കാളിത്തം കൂടെ ഉറപ്പാക്കണമെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചർച്ച.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










