മലപ്പുറം: ലൈലതുല്‍ ഖദ്ര് പ്രതീക്ഷിച്ച് റമദാന് 27ന്റെ രാവില്‍ ഇസ്ലാം മത വിശ്വാസികള്‍ ആരാധനകള്‍ കൊണ്ട് ധന്യരായപ്പോള്‍ ലോകത്തിലെ വിവിധ മസ്ജിദുകള്‍ നിറഞ്ഞുകവിഞ്ഞു. ഖുറാൻ അവതരിച്ച രാത്രിയാണെന്ന് വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദ്ർ റമദാനിൽ വിശുദ്ധീകരിക്കപ്പെടുന്നു. കൃത്യമായ എന്നാണെന്ന് അജ്ഞാതമാണ്, പക്ഷേ ഇത് റമദാൻ 27 ന് ആണെന്നാണ് പൊതുവെ വിശ്വസിക്കുന്നത്.
രണ്ട് വർഷത്തിന് ശേഷം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സൗദി അറേബ്യയിലെ മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടി. തറാവീഹ്, ഖിയാമുല്ലൈൽ തുടങ്ങിയ പ്രത്യേക രാത്രി പ്രാർത്ഥനകൾ നടത്തി വിശ്വാസികള്‍ ഈ രാത്രി വിശുദ്ധമാക്കി. വളരെ ആത്മീയവും ശാന്തവുമായ അന്തരീക്ഷത്തിൽ വിശ്വാസികൾക്ക് രാത്രി ചിലവഴിക്കാൻ സൗദി ഭരണാധികാരികൾ സൂക്ഷ്മവും കുറ്റമറ്റതുമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന വിവിധ പ്രാർത്ഥനകളിൽ 35,000 ത്തിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദ് ഹാളും ഇടനാഴികളും പൂന്തോട്ട മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ചടങ്ങിൽ സ്വദേശികളും വിദേശികളും ഒത്തുചേർന്നു. സുരക്ഷയ്ക്കായി അബുദാബി പോലീസും സ്ഥലത്തുണ്ടായിരുന്നു.
കേരളത്തിലെ വിവിധ പള്ളികളിലും രാത്രി നമസ്കാരത്തിൽ നിരവധി പേർ പങ്കെടുത്തു. മക്കയും മദീനയും കഴിഞ്ഞാൽ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമമായ മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ മുതൽ സ്വലാത്ത് നഗറിലേക്ക് ചെറുസംഘങ്ങളായി വിശ്വാസികള്‍ പ്രവാഹമായിരുന്നു. വൈകുന്നേരത്തോടെ പ്രധാന മൈതാനവും മഅദിന്‍ ഗ്രാൻഡ് മോസ്കും നിറഞ്ഞുകവിഞ്ഞു. പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും മഗ്രിബ്, ഇശാ, അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങള്‍ നടന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർത്ഥനയും നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.