കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36), എന്നിവരാണ് ഇന്ന് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സംഘം പിടിയിലാകുന്നത്. പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻതോതിൽ ഉള്ള ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊലീസെത്തുമ്പോൾ പ്രതികൾ കാറിനുള്ളിലായിരുന്നു. കാർ വളഞ്ഞ പൊലീസ് പ്രതികളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. വലിയ ബാഗുകളിലായി പൊതിഞ്ഞ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.