നാഗ്പൂര്‍: നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തിന്റെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ പൈലറ്റ് ആണ് മരിച്ചത്.
പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഓഗസ്റ്റ് 27-ന് നാഗ്പൂരിലെ കിങ്സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൈലറ്റ് ക്യാപ്റ്റന്‍ നൗഷാദ് അതൗല് ഖയ്യൂം (49) തിങ്കളാഴ്ച രാവിലെ 11.30 ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
129 യാത്രക്കാരുമായി മസ്കത്തില് നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് തിരിച്ച വിമാനമായിരുന്നു. റായ്പുരിനു മുകളില്‍ എത്തിയപ്പോള്‍ അടിയന്തിര ലാന്‍ഡിങ്ങിനായി കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന്റെ പൈലറ്റ് ബന്ധപ്പെടുകയായിരുന്നു. തൊട്ടടുത്ത വിമാനത്താവളമായ നാഗ്പുരില്‍ വിമാനമിറക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ച പ്രകാരം സഹപൈലറ്റാണ് വിമാനം ലാന്‍ഡ് ചെയ്തത്. ക്യാപ്റ്റൻ നൗഷാദിന് ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.