കോഴിക്കോട് : വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒപി മുക്കിൽ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാതർ ഇടവഴിയിൽ ബോംബെറിഞ്ഞത്. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സ്റ്റീൽ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സംഭവസ്ഥലത്ത് നിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. സംഭവ സ്ഥലത്ത് ബോംബ് അവശിഷ്ടങ്ങളും ചെറിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ആരെങ്കിലും പരീക്ഷണാര്‍ത്ഥം പൊട്ടിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു കല്യാണ വീട്ടിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. അതിനുശേഷം തുടർച്ചയായി ദിവസങ്ങളില്‍ പടക്കം പൊട്ടിക്കലും ബോംബേറും ഉണ്ടായതായി നാട്ടുകാർ പറയുന്നു. കല്യാണവീട്ടിലെ വിവാഹ സത്കാരത്തിനിടെ പടക്കം പൊട്ടിച്ചതിൽ അസ്വസ്ഥരായ ചിലർ പാര്‍ട്ടിയെ ഞെട്ടിക്കാന്‍ വേണ്ടി സ്‌ഫോടനം നടത്തി. ഇതിന് പിന്നാലെയാണ് അതേ പ്രദേശത്ത് വീണ്ടും സ്‌ഫോടനമുണ്ടായത്. ഇന്നലെ നടന്ന സ്‌ഫോടനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.