കോഴിക്കോട്: സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ 35 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച എളമരം പാലത്തിലൂടെയുള്ള ബസ് പെര്‍മിറ്റ് അപേക്ഷകള്‍ ബസ് മുതലാളിമാരുടെ സ്വാധീനങ്ങള്‍ക്കു വഴങ്ങി കോഴിക്കോട് ആര്‍ടിഎ നിരസിച്ചതിനെതിരേ എളമരം ജനകീയ ആക്ഷന്‍ കമ്മിറ്റി. നാട്ടുകാര്‍ കക്ഷി, രാഷ്ട്രീയ ഭേദമന്യെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയിട്ടും ബസ് മുതലാളിമാരുടെ അവിഹിതമായ ഇടപെടലില്‍ യാതൊരു ന്യായീകരണവുമില്ലാതെയാണ് പെര്‍മിറ്റ് അപേക്ഷ തള്ളിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്യോഗസ്ഥ ലോബിയും ബസ് മുതലാളിമാരും തമ്മില്‍ ഒത്തുകളിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം 2022 മേയിലാണ് ഗതാഗതത്തിന് തുറന്നത്. പാലത്തിലൂടെ ഇരു ജില്ലകളിലേക്കും ബസ് സര്‍വിസ് തുടങ്ങാന്‍ രണ്ട് ജില്ലകളിലെയും ആര്‍ടി ഓഫീസുകളില്‍ നാട്ടുകാര്‍ നിരവധി തവണ കയറിയിറങ്ങുകയും ഗതാഗത മന്ത്രി, ജില്ല കലക്ടര്‍മാര്‍, കെഎസ്ആര്‍ടിസി ജില്ല ഓഫീസര്‍മാര്‍ എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും ചെയ്തു.
കോഴിക്കോട് ആര്‍ടിഒയില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ 2022 നവംബര്റില് കോഴിക്കോട് ആര്‍ടിഎ യോഗത്തില്‍ അജണ്ടയായി വന്നിരുന്നു. ഇതിനെ ബസ് മുതലാളിമാര്‍ സംഘടിതമായി എതിര്‍ത്തു.
തുടര്‍ന്ന് കൂടുതല്‍ പഠനം ആവശ്യമാണെന്ന പറഞ്ഞ് അജണ്ട മാറ്റിവച്ചു. ഇതിനെതിരേ നാട്ടുകാര്‍ സംഘടിക്കുകയും ശക്തമായ പ്രതിഷേധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അടുത്ത കോഴിക്കോട് ആര്‍ടിഎ യോഗത്തില്‍ രണ്ട് പെര്‍മിറ്റ് അപേക്ഷകള്‍ മലപ്പുറം ആര്‍ടിഎക്ക് “കണ്‍കറന്‍സി’ക്ക് നല്കി.
ഏറെ കാത്തിരിപ്പിനു ശേഷം മലപ്പുറം ആര്‍ടിഎ കണ്‍കറന്‍സി അംഗീകരിച്ച് കോഴിക്കോട് ആര്‍ടിഎക്ക് തിരിച്ചയച്ചു. കഴിഞ്ഞ കോഴിക്കോട് ആര്‍ടിഎ യോഗത്തില്‍ ബസ് ഉടമകളുടെ ആവശ്യം ഏകപക്ഷീയമായി അംഗീകരിച്ച് പെര്‍മിറ്റ് അപേക്ഷകള്‍ തള്ളുകയാണുണ്ടായത്. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് സലാം എളമരം, കണ്‍വീനര്‍ ടി.പി. ഇസ്മായില്‍, ട്രഷറര്‍ പി. മജീദ്, ജൈസല്‍ എളമരം എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.