മീനങ്ങാടി: കൊക്കോ ശേഖരണ കേന്ദ്രത്തിൻ്റെ പൂട്ട് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ കൊക്കോ ബീൻസ് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
മോഷണ മുതലിന്റെ വില്‍പനക്ക് സഹായിച്ച കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം(33), ഓമശ്ശേരി രാരോത്ത് പാലോട്ട് വീട്ടില്‍ മുഹമ്മദ് ഫജാസ്(25) എന്നിവരെയാണ് എസ്.ഐ ബി.വി. അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. കടയുടമ മീനങ്ങാടി സ്വദേശി ജോൺസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
മീനങ്ങാടി ടൗണിലെ കാഡ്ബറി കൊക്കോ കളക്ഷൻ സെൻ്ററിൽ നിന്ന് ജൂൺ 23നാണ് കൊക്കോ പരിപ്പ് മോഷണം പോയത്. ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2,22,000 രൂപ വിലവരുന്ന 370 കിലോഗ്രാം പരിപ്പ് മോഷ്ടാക്കൾ മോഷ്ടിച്ചു.
കൊക്കോ കളക്ഷൻ സെൻ്ററിന് സമീപത്തെ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന മുചുഭായും സഹായികളും ചേർന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് നടത്തിയ വിശദമായ കേസ് അന്വേഷണത്തിൽ വ്യക്തമായി. മോഷണത്തിന് ശേഷം ഹാഷിമിൻ്റെയും ഹിജാസിൻ്റെയും സഹായത്തോടെ താമരശ്ശേരിയിൽ ഒരു ചാക്ക് കൊണ്ടുവന്ന് വിൽപന നടത്തി.
മറ്റ് അഞ്ച് ചാക്ക് മലഞ്ചരക്ക് വ്യാപാരികൾക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അഞ്ച് ചാക്ക് പോലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.