കോഴിക്കോട് : ഇനി വറുത്തതും പൊരിച്ചതുമെല്ലാം കുറയ്ക്കേണ്ടിവരും. വെളിച്ചെണ്ണയുടെ വില റെക്കോർഡ് വേഗത്തില്‍ കുതിയ്ക്കുമ്ബോള് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, മാസ ബഡ്ജറ്റ് പിടിച്ചുനിർത്താനും അതാകും ഉത്തമം.
കഴിഞ്ഞ കുറച്ചുമാസങ്ങളായി വെളിച്ചെണ്ണ വില കുതിക്കുകയാണ്. ഒരാഴ്ചക്കിടെ 40 രൂപ വർദ്ധിച്ച് ലിറ്ററിന് 350 രൂപയായി. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയോളമാണ് കൂടിയത്. തേങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പച്ചതേങ്ങ കിലോയ്ക്ക് 66 രൂപയും കൊപ്രയ്ക്ക് ക്വിന്റലിന് 21,100 രൂപയുമാണ് വില. ഈ വർഷം തുടക്കത്തില്‍ 280 രൂപയായിരുന്നു ഒരു ലിറ്റർ വെളിച്ചെണ്ണ വില. ഫെബ്രുവരിയില്‍ ഇത് കുറഞ്ഞു. പിന്നീട് വീണ്ടും വില ഉയർന്നു. ദിനംപ്രതിയുള്ള വില വർദ്ധന സാധാരണക്കാരെയും ചെറുകിട മില്ലുകളെയുമാണ് വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, ഫിലിപ്പെെൻസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി കുറഞ്ഞതും വെളിച്ചെണ്ണ ഉത്പാദനത്തിനായി സംസ്ഥാനത്തെ മില്ലുകള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കൊപ്ര വരവ് നിലച്ചതും വെളിച്ചെണ്ണ വില കുതിക്കാൻ ഇടയാക്കി.
വില വർദ്ധന മുതലെടുത്ത് വിപണിപിടിക്കാൻ വ്യാജന്മാരും എത്തുന്നുണ്ടെന്നാണ് മില്ലുടമകള്‍ പറയുന്നത്. കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ എന്ന ഓഫറുമായി എത്തുന്നവയില്‍ മിക്കതും വ്യാജന്മാരാണ്. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത ഭക്ഷ്യ എണ്ണയാണ് വെളിച്ചെണ്ണ എന്ന വ്യാജേന വില്പന നടത്തുന്നത്. സോള്‍വെന്റ് എക്സ്ട്രാക്ഷൻ എന്നപേരില്‍ വലിയ അളവില്‍ തേങ്ങാപ്പിണ്ണാക്ക് വിപണിയിലെത്തിച്ച് ഇത് വീണ്ടും ആട്ടിയെടുത്ത് വെളിച്ചെണ്ണ എന്ന പേരില്‍ വില്‍ക്കുന്നതും പതിവാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










