കുന്ദമംഗലം: കാരന്തൂരിൽ വൃക്കരോഗിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കാരന്തൂർ സ്വദേശി ആയിഷയുടെ 6500 രൂപയാണ് നഷ്ടപ്പെട്ടത്. കോവൂരിൽ ഡയാലിസിസിന് പോകവെയാണ് സംഭവം.
ഓവുങ്ങരയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് പരിചയം നടിച്ചെത്തിയ ആൾ ഇവരോട് കാറിൽ കയറാനാവശ്യപ്പെട്ടത്. നാട്ടുകാരനല്ലേയെന്ന് കരുതി ഇവർ കാറിൽക്കയറി. യാത്രാമധ്യേ ചികിത്സയുടെ വിവരങ്ങൾ തിരക്കിയ ഇയാൾ ഡയാലിസിസ് രോഗികൾക്ക് സ്വർണപ്പതക്കം നൽകുന്ന പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ആയിഷയെ ഇതിൽ ഉൾപ്പെടുത്താമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പതക്കം കിട്ടണമെങ്കിൽ ആദ്യം നികുതി അടയ്ക്കണമെന്നും തന്റെ എ.ടി.എം. കാർഡ് പ്രവർത്തിക്കുന്നില്ലെന്നും ഇവരെ ധരിപ്പിച്ചു. വീട്ടിൽ വിളിച്ചാൽ പണം കിട്ടുമോയെന്നന്വേഷിക്കാനും ആവശ്യപ്പെട്ടു.
തുടർന്ന് ആയിഷ മകളെ വിളിച്ചപ്പോൾ വീടുപണിക്കായി കരുതിയ പണം ഉണ്ടെന്നറിയിച്ചു. ഇരുവരും ഓവുങ്ങരയിലേക്ക് തിരിച്ചുവരികയും മകൾ പണം ഉമ്മയെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം ഇയാൾ ആയിഷയെ കോവൂരിൽ ഇറക്കുകയും പണം കൈപ്പറ്റുകയും ചെയ്തു. ഡയാലിസിസ് കഴിയുമ്പോഴേക്കും സ്വർണപ്പതക്കവുമായി വരാമെന്ന് അറിയിച്ച ഇയാൾ കാറുമായി പോവുകയും ചെയ്തു. ഉച്ചയ്ക്ക് മൂന്നിന് ആയിഷ ഇയാളെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് ഫോൺ കിട്ടിയെങ്കിലും വീട്ടിലേക്ക് പോയ്ക്കോളൂ പതക്കവുമായി എത്തിക്കോളാമെന്ന് പറയുകയും ചെയ്തു. പിന്നീട് ഇയാളെ വിളിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. രണ്ടു വൃക്കകളും തകരാറിലായ 49-കാരിക്ക് തന്നെ കബളിപ്പിച്ചയാളെ എങ്ങനെയെങ്കിലും പിടികൂടണമെന്നാണാവശ്യം. സൈബർ സെല്ലിന്റെ സഹായത്തോടെ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.