കൂളിമാട്: കോഴിക്കോട് ജില്ലയിലെ കൂളിമാട് – പുൽപറമ്പ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കൂളിമാട് വയൽഭാഗത്ത് റോഡ് ഉയർത്തുന്ന പ്രവൃത്തിയുടെ മറവിൽ തണ്ണീർതടം മണ്ണിട്ട് നികത്തുന്നതായി പരാതി. റോഡ് പ്രവൃത്തിക്കുപോലും മലയിടിച്ച് മണ്ണെടുക്കാൻ അനുമതിയില്ലാത്തിടത്താണ് പഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും അനുമതിയില്ലാതെ വൻതോതിൽ തണ്ണീർ തടം മണ്ണിട്ട് നികത്തുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് മാവൂർ പോലീസ്, വില്ലേജ് ഓഫീസർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
തണ്ണീർതട സംരക്ഷണ നിയമങ്ങളെ കാറ്റിൽ പറത്തി അനധികൃതമായി തണ്ണീർതടം മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും മണ്ണിട്ട് നികത്തുന്നത് തുടർന്നാൽ തടയുമെന്നും സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.
അതേ സമയം കൂളിമാട് – പുൽപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൂളിമാട് വയൽ ഭാഗത്ത് റോഡ് ഉയർത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ടാറിങ് ഉൾപ്പടെയുള്ള പ്രവൃത്തികൾ ബാക്കിയുണ്ടെങ്കിലും ഏറെക്കുറെ അവസാന ഘട്ടത്തിലെത്തി. കൂളിമാട് പാലം നിർമ്മിച്ചതോടെ മണാശ്ശേരി, പാഴൂർ, പുൽപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കും എത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










