ബാംഗ്ലൂർ: ഒരു നാടൻ ഉത്സവമായി ആഘോഷിക്കുന്ന മൈസൂർ ദസറ ഉത്സവം ഈ വർഷവും ലളിതമായി ചടങ്ങുകൾ മാത്രമായിട്ടായിരിക്കും ആഘോഷിക്കുക. ആഘോഷത്തിന് ഇത്തവണയും ആനകൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആനകളെ പ്രവേശിപ്പിക്കുന്നതിനുമുമ്പ്, കൊറോണ പരിശോധന നിർബന്ധമാണെന്നും നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ എന്നും അധികൃതർ പറഞ്ഞു.
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരിക്കും പരിപാടികൾ നടക്കുക. മൈസൂരു ദസറ ആഘോഷത്തിൽ പങ്കെടുക്കുന്ന ആന പാപ്പാൻമാർ, കാവടിയാട്ടക്കാർ, ദസറ സംഘാടകർ, ഉദ്യോഗസ്ഥർ, അതിഥികൾ തുടങ്ങിയവർക്കെല്ലാം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. ഇതിന് പുറമെയാണ് ദസറ ജംബോ സവാരിക്കും മറ്റു ചടങ്ങുകൾക്കും പങ്കെടുക്കുന്ന ആനകൾക്കും േകാവിഡ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ വർഷം ഗജപായന ചടങ്ങിനുശേഷം ആനകളെ മൈസൂരുവിലേക്ക് എത്തിച്ചപ്പോഴും കോവിഡ് പരിശോധന നടത്തിയിരുന്നു. മുൻ വർഷങ്ങളിലായി 14 ആനകൾ വരെ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അഞ്ച് ആനകളെയാണ് കൊണ്ടുവന്നത്. ആന ക്യാമ്പുകളിലെത്തി ആനകളെ പരിശോധിച്ചശേഷമായിരിക്കും മൈസൂരുവിലേക്ക് എത്തിക്കുക.
ആനകളുടെ മെഡിക്കൽ റിപ്പോർട്ടിനൊപ്പം കോവിഡ് പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇതിനുശേഷമായിരിക്കും ദസറയിൽ പങ്കെടുപ്പിക്കേണ്ട ആനകളുടെ പട്ടിക തയാറാക്കുക. ഇത്തവണ ഒക്ടോബറിലാണ് 10 ദിവസത്തെ മൈസൂരു ദസറ നടക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.