ന്യൂഡൽഹി ∙ മുണ്ട്കയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനു കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. അതെ സമയം മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. മരിച്ചവരെ തിരിച്ചറിയാൻ ഡൽഹി സർക്കാർ സഹായിക്കുമെന്നു കേജ്രിവാൾ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്തെത്തിയത്. അപകടത്തിൽ 27 പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. 24 സ്ത്രീകളെയും അഞ്ച് പുരുഷൻമാരെയും കാണാനില്ലെന്നാണു കണക്ക്. 27 മൃതദേഹങ്ങൾ കണ്ടെത്തിയതിൽ രണ്ടെണ്ണം മാത്രമാണു തിരിച്ചറിയാനായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുണ്‍ ഗോയൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.