ദില്ലി: ഗുസ്തി താരങ്ങള്‍ നല്കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്കി. കേസ് നാലിന് പരിഗണിക്കും.
ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. അതെ സമയം പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു.
പോക്സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്റെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാല്‍ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അന്വേഷണത്തില്‍ പൊലീസിന്റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാല്‍ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.