കോഴിക്കോട്: സുരസ കഴിക്കുമ്ബോള്‍ കുത്തല്‍ അനുഭവപ്പെടാത്ത രുചിയുള്ള ഇഞ്ചി. അകം വെള്ള കലർന്ന മഞ്ഞ നിറം. നാരിന്റെ അംശം കുറവ്. ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുന്നതിനും അനുയോജ്യം. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനമാണ് (ഐ.ഐ.എസ്.ആർ) ഇത് വികസിപ്പിച്ചെടുത്തത്.
‘ഐ.ഐ.എസ്.ആർ സുരസ”എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹെക്ടറിന് 24.33 ടണ്ണോളം വിളവു ലഭിക്കും. പച്ചക്കറി ആവശ്യത്തിനുവേണ്ടി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം എന്ന പ്രത്യേകതകൂടി സുരസയ്ക്കുണ്ട്.
കോഴിക്കോട് കോടഞ്ചേരിയിലുള്ള കർഷകനായ ജോണ്‍ ജോസഫില്‍ നിന്നാണ് ഗവേഷകർ ഇതിന്റെ പ്രകന്ദം (മണ്ണില്‍ നടുന്ന ഭാഗം) കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സുരസ വികസിപ്പിച്ചത്. ഉത്പാദനക്ഷമത ഉറപ്പുവരുത്തിയതിനുശേഷമാണ് സുരസ കർഷകരിലേക്കെത്തുന്നത്. ഇതിനുള്ള അനുമതി കഴിഞ്ഞ ദിവസം സംസ്ഥാന വെറൈറ്റി റിലീസ് കമ്മിറ്റിയില്‍ നിന്നു ലഭിച്ചു. അടുത്ത നടീല്‍ സീസണായ മേയ്, ജൂണ്‍ മാസത്തോടെ കർഷകർക്ക് ചെറിയ അളവില്‍ വിത്ത് ലഭ്യമായി തുടങ്ങും.
സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. എൻ.കെ. ലീല, ഡോ. ടി.ഇ.ഷീജ, ഡോ. കെ.എസ്.കൃഷ്ണമൂർത്തി, ഡോ. ഡി. പ്രസാദ്, ഡോ. ഷാരോണ്‍ അരവിന്ദ്, ഡോ. എസ്. മുകേഷ് ശങ്കർ എന്നിവരാണ് ഗവേഷണ സംഘത്തിലുണ്ടായിരുന്നത്.
” വലിപ്പമേറിയ പ്രകന്ദങ്ങളായതുകൊണ്ട് വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവർദ്ധനവ് നടത്തുന്നതിന് പുതിയ ഇനം കൂടുതല്‍ അനുയോജ്യമാവും””
ഡോ. സി. കെ. തങ്കമണി,
സുരസ മുഖ്യ ഗവേഷക,
സുഗന്ധവിള ഗവേഷണ സ്ഥാപനം പ്രിൻസിപ്പല്‍ സയന്റിസ്റ്റ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.