കുന്നമംഗലം: കോഴിക്കോട് ജില്ലയിൽ പുതുതായി അനുവദിച്ച 11,866 മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്തല മുൻഗണനാ റേഷൻ കാർഡ് വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ. നിർവഹിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് തിരികെ ലഭിച്ച 2062 പേരുടെ ഒഴിവിൽ 1553 പേർക്കുള്ള മുൻഗണനാ കാർഡുകളുടെയും 174 അന്ത്യോദയ കാർഡുകളുടേയും വിതരണ ഉദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്.
അനർഹമായി കൈവശം വെച്ച മുൻഗണനാ കാർഡുകൾ നിയമനടപടികൾ ഒഴിവാക്കി സ്വമേധയാ സറണ്ടർ ചെയ്യുന്നതിനുള്ള സർക്കാറിന്റെ അഭ്യർത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് കോഴിക്കോട് താലൂക്കിൽ ലഭിച്ചതെന്നും മഞ്ഞ, പിങ്ക്, നീല വിഭാഗങ്ങളിലായി മൊത്തം 2062 കാർഡുകളാണ് ഇത്തരത്തിൽ ഇതുവരെ
കോഴിക്കോട് താലൂക്ക് പരിധിയിൽ പൊതു വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളതെന്നും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്തല മുൻഗണനാ റേഷൻ കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി സൗജന്യ ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെയുള്ള റേഷൻ സാധനങ്ങൾ വാങ്ങാത്ത മുൻഗണനാ റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി കാർഡ് പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ മുൻകൂർ നോട്ടീസ് നൽകി സ്വീകരിച്ചു വരുന്നുണ്ട്. മുൻഗണനാ കാർഡുടമകളുടെ പരമാവധി എണ്ണം കേന്ദ്രസർക്കാർ നിജപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിൽ ഒഴിവുകൾ വരുന്നമുറക്ക് മാത്രമേ പുതുതായി ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.
ബാക്കിയുള്ള ഒഴിവുകളിൽകൂടി അർഹതയുള്ളവർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്ന
പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 1200 പൊതു വിഭാഗത്തിലുള്ള കാർഡുകൾ കൂടി സറണ്ടർ ചെയ്ത് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ലഭ്യമാകുന്നമുറക്ക് അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
1000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണത്തിലുള്ള വീട് സ്വന്തമായുള്ളവർ, സ്വന്തമായി 4 ചക്ര വാഹനമുള്ളവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, കുടുംബ മാസവരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർ, സർക്കാർ/പൊതുമേഖല /ബാങ്ക്/സഹകരണ സംഘം ജീവനക്കാർ/സർവീസ് പെൻഷൻകാർ എന്നിവർക്ക് മുൻഗണന കാർഡിന് അർഹതയില്ല. ഈ വിവരങ്ങൾ മറച്ചു വെച്ച് മുൻഗണനാ കാർഡ് കൈവശം വെച്ചവർക്കെതിരെ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതുൾപ്പെടെ ശിക്ഷാനടപടി സ്വീകരിക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്.
അനർഹർ ധാരാളമുണ്ടായിട്ടും നടപടി ഭയന്ന് കാർഡ് മാറ്റാൻ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നും, അർഹതയുള്ളവർക്ക് ഒഴിവുകളില്ലാത്തതിനാൽ മുൻഗണനാ കാർഡുകൾ അനുവദിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്തുമാണ് ഉദാരസമീപനം സ്വീകരിച്ച് പിഴയോടുക്കാതെ തന്നെ ഇത്തരം കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിനുള്ള അവസരം പ്രത്യേക ഉത്തരവിലൂടെ സർക്കാർ ഒരുക്കിയത്. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ സപ്ലൈ ഓഫീസുകളിൽ സ്വീകരിച്ചു വരുന്നുണ്ട്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി കൗലത്ത്,
എം.എം സുധീഷ് കുമാർ, സി.വി സംജിത്, ജനാർദ്ദനൻ കളരിക്കണ്ടി, ഖാലിദ് കിളിമുണ്ട, അബ്ദുൽ ഖാദർ മാസ്റ്റർ, എൻ കേളൻ, എം.കെ അബ്ദുൽസലാം, ഭക്തോത്തമൻ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ കെ മുരളീധരൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സൂപ്രണ്ട് സി സദാശിവൻ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.