ചെന്നൈ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും. ആൻജിയോഗ്രാം ടെസ്റ്റിൽ ഗുരുതര പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ അടിയന്തര ബെെപ്പാസ് ശസ്ത്രക്രിയ നിർദേശിച്ചത്.
ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡിനും തുടർന്ന് 18 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനും പിന്നാലെയായിരുന്നു നടപടി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതെ സമയം ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ മന്ത്രിയെ മർദിച്ചുവെന്ന ആരോപണവും ഡി.എം.കെ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, ശേഖർ ബാബു ഉൾപ്പെടെയുള്ള മന്ത്രിമാരും ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു.ജയലളിതയുടെ ഭരണകാലത്ത് 2011 മുതൽ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി പിന്നീട് ഡി.എം.കെ.യിൽ ചേരുകയായിരുന്നു. ബാലാജിയുമായി ബന്ധപ്പെട്ട നാൽപ്പതോളം ഇടങ്ങളിൽ കഴിഞ്ഞമാസം തുടർച്ചയായി എട്ടുദിവസം ആദായനികുതി റെയ്ഡ് നടന്നിരുന്നു. ഇതിന് തുടർച്ചയായാണ് ബാലാജിയുടെ ചെന്നൈയിലെയും ജന്മനാടായ കരൂരിലെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും ഉൾപ്പെടെ പന്ത്രണ്ടിടത്ത് കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.