കോഴിക്കോട്: സ്ഥിരമായി പൾസർ ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കള്ളൻ പോലീസ് പിടിയിൽ. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൾസർ 220 ബൈക്കുകൾ മോഷണം പോയതിനു പിന്നിൽ പേരാമ്പ്ര സ്വദേശിയായ വിദ്യാർഥിയാണ്.
കോഴിക്കോട് കണ്ണൂര്‍ റോഡിലെ സല്‍ക്കാര ഹോട്ടലിലെ ജോലിക്കാരനായ സാദിദ് ഗവാദ് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, ചക്കരത്ത് കുളം എസ്.ഐ.ബി. ബാങ്കിന്‍റെ മുന്നില്‍ അഭിനരാജ് നിറുത്തിയിട്ട ബൈക്ക്, കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സെഞ്ച്വറി കോംപ്ലക്സില്‍ നിറുത്തിയിട്ട ബൈക്ക് തുടങ്ങിയ കേസുകളിലെ അന്വേഷണമാണ് കുട്ടിക്കള്ളനിലേക്ക് എത്തിയത്.
നടക്കാവ് പോലീസാണ് കേസ് അന്വേഷിച്ചത്. ബൈക്ക് മോഷണം പോയ സമീപ പ്രദേശങ്ങളിലെ സിസിടിവികളിൽ നിന്ന് ഒരേ ആള്‍ തന്നെയാണ് മോഷ്ടാവ് എന്ന് മനസ്സിലായി. നീല നിറത്തിലുള്ള പ്ലാസ്റ്റിക് റെയിൻ കോട്ടും ഹെൽമറ്റും മാസ്‌കും ധരിച്ചെത്തിയയാളാണ് മൂന്നിടങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ബൈക്ക് മോഷണങ്ങളിലും വിദ്യാര്‍ഥിക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനുശേഷം ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് മോഷ്ടാവിനെ വ്യക്തമായത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഈ വിദ്യാർത്ഥി നേരത്തെ അറസ്റ്റിലായിട്ടുണ്ട്. വടകരയിലെ മുസ്ലീം പള്ളിയിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും കോഴിക്കോട് നിന്ന് മോഷ്ടിച്ച ബൈക്കുകളും വിദ്യാർത്ഥിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തു. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ മോഷ്ടാവിനെതിരെ റിപ്പോർട്ട് നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയ സംഘത്തിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.