കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുള്ള പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പാലത്തിൽ മുകളിലെ കോട്ടിംഗ് ജോലികളും കൈവരികൾ പെയിന്റ് ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം 2019 ലാണ് എളമരം കടവിൽ ആരംഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ സിആർഎഫ് ഫണ്ടിൽ നിന്ന് അനുവദിച്ച 35 കോടി രൂപ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പിടിഎസ് ഇന്ത്യ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ സമാപന ദിവസമായ മെയ് 19-നകം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
350 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് പതിനൊന്ന് തൂണുകളും പത്ത് സ്ലാബുകളുമുണ്ട്. 2020 ജൂലൈയിലാണ് കോഴിക്കോട് ജില്ലയിൽപെട്ട മാവൂർ ഭാഗത്തുനിന്ന് ആദ്യ സ്ലാബ് കോൺക്രീറ്റ് ചെയ്ത് തുടങ്ങിയത്. 2019 മാർച്ചിലാണ് പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങിയത്. 2019 ലെ പ്രളയ ജലനിരപ്പ് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ നിർദേശാനുസരണം ഒരു മീറ്റർ ഉയരം കൂട്ടിയിട്ടുണ്ട്.
പാലത്തിന് സമീപത്തെ അപ്രോച്ച് റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. മാവൂർ ഭാഗത്തേക്കുള്ള റോഡിന്റെ പണി നേരത്തെ പൂർത്തിയായിരുന്നു.
വാഴക്കാട്, മാവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ പാലം നിര്‍മിക്കുന്നതോടെ ഇരു ജില്ലകളിലുമുള്ളവര്‍ ഗതാഗതസൗകര്യത്തിന്റെ കാര്യത്തില്‍ പുരോഗതി കൈവരിക്കും. കോഴിക്കോട്ടുനിന്നും മെഡിക്കല്‍ കോളജില്‍ നിന്നും മലപ്പുറത്തേക്കും പാലക്കാട് ഭാഗത്തേക്കുമെല്ലാമുള്ള ദൂരം ഗണ്യമായി കുറയും. വയനാട് ഭാഗത്തുനിന്ന് കരിപ്പൂരിലേക്കുള്ള ദൂരവും കുറയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.