എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഷൊർണൂരിൽ പ്രാദേശികമായും ട്രെയിനിനുള്ളിലും പ്രതി ഷാരൂഖ് സെയ്ഫിക്ക് സഹായം ലഭിച്ചതായാണ് പോലീസ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പോലീസ് ക്യാമ്പിലെത്തി വൈദ്യപരിശോധന നടത്തി. തെളിവെടുപ്പ് നടപടികളിലേക്ക് നീങ്ങുകയാണ് പൊലീസ്.
ഷാരൂഖ് സെയ്ഫി പതിനഞ്ചര മണിക്കൂർ ഷൊർണൂരിൽ ചെലവഴിച്ചു. രണ്ടാം തീയതി പുലർച്ചെ നാലരയോടെ ഷൊർണൂരിലെത്തി. വൈകിട്ട് 7.17ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനിൽ കയറുന്നു. അതേസമയം, അയാൾ എവിടെ പോയി, ആരെ കണ്ടു എന്നതിൽ വ്യക്തതയില്ല.
അതിനിടെ കരൾ രോഗത്തിന്റെ തുടർ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എത്തി പരിശോധിച്ചു. ഗ്യാസ്‌ട്രോഎൻറോളജി, ജനറൽ സർജറി വിഭാഗം മാലൂർക്കുന്ന പോലീസ് ക്യാമ്പിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ചോദ്യം ചെയ്യുന്നതിനോ തെളിവെടുപ്പ് നടത്തുന്നതിനോ തടസ്സമാകുന്ന ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് നിർദ്ദേശം.
തെളിവെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കാനാണ് പോലീസിന്റെ തീരുമാനം. കേസിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തി പതിനഞ്ചു മണിക്കൂർ ഇവിടെ തങ്ങിയതിനാൽ ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചിരിക്കാം. ട്രെയിനിലെ ഒരാളുടെ സഹായത്തിലേക്കും സാഹചര്യതെളിവുകൾ നീങ്ങുന്നു.
പുലർച്ചെ നാലിന് സ്‌റ്റേഷനിലെത്തിയ പ്രതി വൈകിട്ട് ഏഴരയോടെ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ കണ്ണൂരിലേക്ക് പോകുന്നത്. ഈ സമയം കണ്ണൂരിലേക്ക് നിരവധി ട്രെയിനുകൾ ഉണ്ടായിരുന്നിട്ടും പ്രതി പോകാത്തത് ദുരൂഹമാണ്. ഷാരൂഖ് സെയ്ഫി ഷൊർണൂരിൽ ആരുമായും ബന്ധപ്പെട്ടിരുന്നോ എന്നറിയാൻ ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









