അബുദാബി: ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം നിർത്തിവെച്ച സര്‍വിസുകളാണ് 2024 ജനുവരി 1 മുതൽ പുനരാരംഭിക്കുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ആഴ്ചയിൽ ഏഴ് സർവീസുകളുണ്ടാകും.
നവംബർ 21 മുതൽ അബുദാബി-കൊച്ചി റൂട്ടിൽ എട്ട് അധിക സർവീസുകൾ കൂടി ആരംഭിക്കും.ഇതോടെ കൊച്ചിയിലേക്ക് ആഴ്ചയിൽ 21 സർവീസുകൾ ഉണ്ടാകുമെന്ന് ഇത്തിഹാദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചിയിലേക്കുള്ള അധിക സർവീസ് നവംബർ 21 മുതൽ ആരംഭിക്കും. സെപ്തംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും എത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തിഹാദിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
അബുദാബിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന വിമാനം രാത്രി 7.55ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടുനിന്ന് രാത്രി 9.30ന് പുറപ്പെട്ട് 12.05ന് അബുദാബിയിലെത്തും. അബൂദബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുലര്‍ച്ച 2.55ന് പുറപ്പെട്ട് 8.35ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിമാനം അവിടെ നിന്ന് രാവിലെ 9.50ന് പുറപ്പെട്ട് ഉച്ചക്ക് 12.40ന് അബൂദബിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ കാണിക്കുന്നത്. ഇത്തിഹാദ് സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് അനുഗ്രഹമാകും. എയർ ഇന്ത്യയുടെ ദുബായ്-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവീസുകൾ നിർത്തിവച്ചതോടെ കോഴിക്കോട് റൂട്ടിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
ഇതുമൂലം തിരക്കുള്ള സമയങ്ങളിൽ ഈ റൂട്ടിലെ വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിച്ചു. കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ ആറ് നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയര്‍വേസ് പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.