ദുബായ്: ബലിപെരുന്നാള്‍ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍.
പുണ്യദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ചതന്നെ ബലിപെരുന്നാളെത്തിയെന്ന പ്രത്യേകതയും ഈവർഷത്തെ ആഘോഷത്തിനുണ്ട്. രാവിലെ 5.41 മുതല്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ യുഎഇയിലെ എമിറേറ്റുകളില്‍ ബലിപെരുന്നാള്‍ നമസ്കാരം നടക്കും.
പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കനത്ത ചൂട് മൂലം ആളുകള്‍ കൂടുതലും വൈകുന്നേരമാകും പുറത്തേക്കിറങ്ങുക. കുടുംബങ്ങള്‍ക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന തത്സമയ സംഗീത പരിപാടികള്‍, ആകർഷകമായ കായികപരിപാടികള്‍, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങള്‍ അടക്കമുള്ള പരിപാടികളാണ് മാളുകളിലും മറ്റു കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. അവധി ആഘോഷിക്കാന്‍ ധാരാളം പ്രവാസികള്‍ നാട്ടില്‍ പോയെങ്കിലും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ നാട്ടിലേക്ക് പറക്കാന്‍ കഴിയാത്തവരുമുണ്ട്.
ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിക് നിസ്‌വ സുല്‍ത്താൻ ഖാബൂസ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കും. ദിവാൻ ഓഫ് റോയല്‍ കോർട്ട് ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കള്‍ക്കും സുല്‍ത്താന്‍ ബലി പെരുന്നാള്‍ ആശംസകള്‍ നേർന്നു. കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീരി ദിവാൻ ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. അമീർ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബാഹിന്‍റെ ഈദ് ആശംസകള്‍ അറിയിച്ചുകൊണ്ട് സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാള്‍ എല്ലാവര്‍ക്കും നേരുന്നുവെന്ന് അമീരി ദിവാൻ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









