ആലപ്പുഴ: വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പരിചയം പുതുക്കി പഴയ സ്കൂൾ സഹപാഠിക്കൊപ്പം വീടുവിട്ട വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുട്ടപ്പുറത്ത് തറയിൽ രമ്യ (28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വീട്ടമ്മ തന്റെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടി. പത്ത് ദിവസം മുമ്പാണ് ഒളിച്ചോടിയത്. വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി.
യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച ശേഷം ഇരുവരെയും കായംകുളത്ത് കസ്റ്റഡിയിലെടുത്തു. വീട്ടമ്മ, തന്റെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ മനപ്പൂർവ്വം ഉപേക്ഷിച്ചതായി ബോധ്യപ്പെട്ടതായും തുടർന്ന് വീട്ടമ്മയെയും കാമുകനെയും ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








