പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മളിൽ ആരോഗ്യപ്രശ്നങ്ങളും കൂടിവരാം. നേരത്തെ തന്നെ ഇത് അനുസൃതമായി ജീവിതരീതികൾ മെച്ചപ്പെടുത്തുകയാണെങ്കിൽ വലിയൊരു പരിധി വരെ ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ സാധിക്കും. നാല്പത് കടക്കുമ്പോഴാണ് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ആരോഗ്യപ്രശ്നങ്ങൾ പ്രത്യക്ഷമായി കടന്നുവരുന്നത്.
ഇതിൽ തന്നെ എടുത്തുപറയേണ്ട ഒരു പ്രശ്നമാണ് എല്ലുകളിലെ തേയ്മാനം. എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകൾ ഒരു പരിധി വരെ ശരീരം സ്വയം കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ നാല്പതിന് ശേഷം ശരീരത്തിന് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിമിതി വന്നേക്കാം. ഹോർമോൺ വ്യതിയാനം, ആകെ ആരോഗ്യത്തിന്റെ അവസ്ഥ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു.
എല്ലുകളെ സംരക്ഷിച്ചുനിർത്താനും അവയുടെ ആരോഗ്യം നിലനിർത്താനും ആദ്യമേ സൂചിപ്പിച്ചുവല്ലോ, ജീവിതരീതികൾ മെച്ചപ്പെടുത്തിയാൽ സാധ്യമാണെന്ന്. അത്തരത്തിൽ ശ്രദ്ധിച്ചുപോകേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് വൈറ്റമിൻ ഡിയും, കാത്സ്യവും. ഇവ രണ്ടും അളവിന് ശരീരത്തിലെത്തേണ്ടതുണ്ട്. പ്രധാനമായും ഭക്ഷണം തന്നെയാണ് ഇതിനുള്ള സ്രോതസ്.
വൈറ്റമിൻ-ഡി, കാത്സ്യം എന്നിവയെല്ലാം കുറയുമ്പോൾ അത് സപ്ലിമെന്റുകളുടെ രൂപത്തിൽ കഴിക്കുന്നവരുണ്ട്. എന്നാൽ കഴിയുന്നതും പ്രകൃത്യാ തന്നെ ഇവ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ദിവസവും അൽപനേരമെങ്കിലും സൂര്യപ്രകാശമേൽക്കുന്നത് പ്രകൃതിദത്തമായി വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും. അതുപോലെ യോഗർട്ട്, സോയ, കൊഴുപ്പുള്ള മത്സ്യം, പാൽ പോലുള്ള ഉൽപ്പന്നങ്ങളിലൂടെ കാത്സ്യവും കണ്ടെത്താം.
അമിതമായ അളവ് ‘കഫീൻ’ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ‘കഫീൻ’ പരിമിതപ്പെടുത്തുക. കാപ്പി, ‘കഫീൻ’ അടങ്ങിയ സോഡ, മറ്റ് പാനീയങ്ങൾ എന്നിവയെല്ലാം നിയന്ത്രിച്ച് മാത്രം കഴിക്കാം. എന്നാൽ ചായയിൽ അടങ്ങിയിരിക്കുന്ന ‘കഫീൻ’ എല്ലുകൾക്ക് അത്ര വെല്ലുവിളി സൃഷ്ടിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്തായാലും കാപ്പിയും ചായയുമെല്ലാം മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മധുരം ചേർത്തതാണെങ്കിൽ.
മദ്യപാനവും പുകവലിയും കുറയ്ക്കുകയോ, പൂർണമായും നിർത്തുകയോ ചെയ്യുക. ഇവ രണ്ടും തന്നെ എല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഘടകങ്ങളാണ്. എല്ലുരുക്കം പോലുള്ള അസുഖങ്ങളെ ആളുകളെ നയിക്കുന്നതിൽ ഇവയ്ക്കും പങ്കുണ്ട്.
ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കാത്സ്യത്തെ എല്ലാ ആവശ്യത്തിനും ഉപകരിക്കാത്ത വിധം പ്രവർത്തിക്കാൻ ഉപ്പിന് കഴിയും. അതുകൊണ്ടാണ് ഉപ്പ് പരിമിതപ്പെടുത്തണമെന്ന് പറയുന്നത്.
വ്യായാമവും എല്ലാവരുടെയും ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ എല്ലാവരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും വരാം. ഇതിനെല്ലാം വ്യായാമം പരിഹാരമാണ്. വീട്ടിൽ വച്ച് ചെയ്യാവുന്ന വ്യായാമം തന്നെ ധാരാളമാണ്. അതല്ലെങ്കിൽ ജിമ്മിലോ മറ്റോ ചേർന്ന് ചെറിയ വർക്കൗട്ട് ചെയ്യാം. കായികമായ ജോലി ചെയ്യുന്നവർക്കാണെങ്കിൽ ഇതിന് പുറമെ വ്യായാമം ആവശ്യമില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.